Temple History

  • Home
  • Temple History

About
About
shapeചെറിയത്തു ശ്രീ നരസിംഹ സ്വാമി ക്ഷേത്ര ഐതിഹ്യം

ശ്രീ ചെറിയത്തപ്പാ ശരണം

ആലുവയില്‍ കിഴക്കേ വെളിയത്തു നാട്ടിലാണ് അതിപുരാതനമായ ചെറിയത്തു ശ്രീ നരസിംഹ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിരണ്യകശിപുവിന് മോക്ഷം കൊടുത്തതിന് ശേഷം ഭക്ത പ്രഹ്ളാദനെ അനുഗ്രഹിക്കുന്ന ശാന്ത സ്വരൂപ ഭാവത്തിലാണ് അവതാര വിഷ്‌ണുവായ നരസിംഹ സ്വാമി ഇവിടെ കുടി കൊള്ളുന്നത്.

പതിവ്രതാ രത്‌നമായ സീതാദേവിയെ ലങ്കേശ്വരനായ രാവണൻ പുഷ്പകവിമാനത്തിൽ അപഹരിച്ചു കൊണ്ടു പോയപ്പോള്‍ പക്ഷി ശ്രേഷ്ഠനായ ജടായു രാവണനുമായി യുദ്ധം ചെയ്യുകയും സഹികെട്ട രാക്ഷസരാജാവ് തൻ്റെ പക്കലുണ്ടായിരുന്ന ചന്ദ്രഹാസം എന്ന ഖഡ്‌ഗം കൊണ്ട് ജടായുവിൻ്റെ ചിറകിന് വെട്ടുകയും ചെയ്‌തു.അന്ന് ജടായുവിന്റെ ചിറകിൻ്റെ വാലറ്റം ഈ പുണ്യ ഭൂമിയില്‍ വന്നു പതിച്ചു എന്നതാണ് ഐതിഹ്യം.

ചിറകറ്റം വന്നു വീണ നാട് എന്നായിരുന്ന ഈ നാടിൻ്റെ പേരു തന്നെ. പിന്നീട് അത് ലോപിച്ച് ചിറകറ്റനാടും ചിറകറ്റമ്പലവും ആയി മാറി. കാലക്രമേണ വീണ്ടും അത് ലോപിച്ച് ചെറിയത്തുനാടും ചെറിയത്തമ്പലവും ആയി.പിന്നീട് ചെറിയത്തുനാട് എന്നത് വെളിയത്തുനാടും ആയി. (ഋഷിനാഗകുളം എറണാകുളം ആയ മാതിരിയും, ജമംഗല നാട്, ജംഗമ നാട്, ചെങ്ങമനാട്, ചെങ്ങനാട്)

ശ്രീ ഗുരുവായൂരപ്പന്റെ ഇഷ്‌ട ഭക്തനായ വില്വമംഗല സ്വാമിയാരുടെ പാദസ്പർശനമേറ്റ് ധന്യമായ ഈ ക്ഷേത്രത്തിൻ്റെ തിരുമുറ്റത്ത് തന്നെ വലിയൊരാൽ വൃക്ഷമുണ്ട്. ഇളം കാറ്റിൽ ഇടതടവില്ലാതെ ഇളകുന്ന ഇലകളുടെ മർമ്മര ശബ്ദം ആല്‍മരം സദാസമയവും നാരായണ മന്ത്രം ജപിക്കുകയാണോ എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്.

സമീപത്തുള്ള ആനപ്പന്തലിൽ നിരന്നിരിക്കുന്ന അമ്പലപ്രാവുകളുടെ കറുകലില്‍ പോലും 'ഓം'കാര ധ്വനി നിറഞ്ഞുനില്‍ക്കുന്ന വിധത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷമാണിവിടം.

ഭഗവാനെ കൂടാതെ ശ്രീകോവിലിൻ്റെ തന്നെ തെക്കു ഭാഗത്തായി ശ്രീ ഗണപതിയുടെയും ശ്രീ ദക്ഷിണാമൂർത്തിയുടെയും പ്രതിഷ്ഠകളും കുടി കൊളളുന്നു.

ദക്ഷിണാമൂർത്തി പ്രതിഷ്ഠ ഉള്ളതു തന്നെ അതിവിശേഷമാണ്. വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ മാത്രമേ ഇങ്ങനെ ഉണ്ടാവുകയുള്ളു. ഇവിടെ ഉപദേവൻമാരായി വടക്കൻ തേവര് ( മഹാവിഷ്ണു‌), ഭദ്രകാളി, ശിവൻ, ദുർഗ, ശാസ്ത‌ാവ്, സർപ്പങ്ങൾഎന്നീ ദേവതകളുടെ സാന്നിദ്ധ്യവും പ്രതിഷ്ഠകളുമുണ്ട്.

കാശി വിശ്വനാഥ ക്ഷേത്രം വടക്കോട്ടൊഴുകുന്ന പവിത്രമായ ഗംഗയുടെ തീരത്താണല്ലോ സ്ഥിതി ചെയ്യുന്നത്. അതുപോലെ ഇവിടെയും ശ്രീ നരസിംഹസ്വാമി ക്ഷേത്രം ഉത്തര ഭാഗത്തേക്ക് ഒഴുകുന്ന പൂർണ്ണാനദിയുടെ തീരത്തായത് അത്‌ഭുതാവഹം തന്നെ.

കുറച്ചു കാലം മുൻപുവരെ ഈ പുഴയുടെ നടുക്ക് വലിയൊരു മണൽപ്പുറം രൂപപ്പെട്ട് പുഴ രണ്ടായി ഒഴുകിയിരുന്നതായി പഴമക്കാർക്കറിയാം.

ക്ഷേത്രത്തില്‍ പൂജ ചെയ്‌തിരുന്ന ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ പ്രായാധിക്യത്താൽ പുഴയിൽ പോയി കുളിക്കുന്നതിനും മറ്റും നന്നേ ബുദ്ധിമുട്ടി. അദ്ദേഹം തൻ്റെ സങ്കടം ഭഗവാനോടുണർത്തിച്ചു. ഭക്‌തവത്‌സ‌ലനായ ഭഗവാൻ അടുത്ത മഴവെള്ള പാച്ചിലിൽ പുഴയുടെ ഒരു കൈവഴി ക്ഷേത്രത്തിൻ്റെ അടുത്തു കൂടി മാറ്റി ഒഴുക്കി. അങ്ങനെയാണത്രെ പുഴ രണ്ടായത്. കാലാന്തരത്തിൽ മണലുവാരി പുഴ ഇന്നു കാണുന്ന രൂപത്തിലായി മാറുകയായിരുന്നു.

മാധവ്ജിയുടെ ഭൗതീക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയെ അന്ന് നാടിൻ്റെ നാനാ ഭാഗത്തു നിന്നുമുള്ളവർ നിറകണ്ണുകളുമായി അനുഗമിച്ചിരുന്നു. സന്യാസി ശ്രേഷ്‌ഠന്മാര്‍ രാമ-കൃഷ്ണ മന്ത്രങ്ങളാൽ അന്തരീക്ഷം ഭക്തി സാന്ദ്രമാക്കുകയും ചെയ്തു.

ഈ ക്ഷേത്രാങ്കണത്തിലാണ് തന്ത്ര വിദ്യാപീഠമെന്ന ഗുരുകുല സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതിനായി ചിത്‌സ്വരൂപാനന്ദ സ്വാമികൾ മുൻകയ്യെടുക്കുകയുണ്ടായി എന്നതുകൂടി സ്‌മരിക്കേണ്ടതാണ്.

തന്ത്രവിദ്യാപീഠത്തിൻ്റെ ആരംഭ കാലത്തെ ആചാര്യൻ താന്ത്രീകാചാര്യ കുലപതി ബ്രഹ്‌മശ്രീ. കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് അവർകൾ ആയിരുന്നു. അദ്ദേഹത്തിനുണ്ടായ ഒരനുഭവം ശ്രദ്ധേയമാണ്. ഭഗവാന് നേദിക്കുവാൻ പാൽപ്പായസം, പഞ്ചസാര കൂടാതെ ഉണ്ടാക്കുവാൻ പ്രമേഹക്കാരനായ തിരുമേനി തീരുമാനിച്ചു. ആശ്ചര്യമെന്നു പറയട്ടെ പാൽപായസം മുഴുവനും കരിഞ്ഞു പോയി. 'കൽപ്പുഴക്ക് വേണ്ടാത്തത് നമുക്കും വേണ്ട' അതായിരുന്നു ഭഗവാൻ്റെ നിശ്ച‌യം. അതിനുശേഷം അദ്ദേഹത്തിന് പ്രമേഹം ഉണ്ടായിട്ടില്ല.

ഒരു വയസ്സായ സ്ത്രീ എന്നും ഭഗവാനു പൂക്കൾ കൊണ്ട് വന്ന് കൊടുക്കുമായിരുന്നു. ഒരു ദിവസം മാധവ്ജി പറഞ്ഞു ഭഗവാന് നിത്യവും പൂക്കൾ കൊടുക്കുന്നതു കൊണ്ട് അസുഖം വന്ന് കിടന്ന് നരകയാതന അനുഭവിക്കുകയില്ല. അതു പോലെ തന്നെ സംഭവിച്ചു. അസുഖബാധിതയായി ആ സ്ത്രീ ആറ് ദിവസം കിടന്നു. ഏഴാം ദിവസം ശരീരം ഉപേക്ഷിച്ച് പോവുകയും ചെയ്‌തു.

ചെറിയത്ത് വാര്യത്തെ കുട്ടി എന്നും കാലത്ത് ഭഗവാനുള്ള മാല കെട്ടുന്നതിന് പൂക്കൾ പറിക്കുന്നത് പതിവായിരുന്നു.ഒരു ദിവസം പൂക്കൾ പറിക്കുന്നതിന് പോയപ്പോൾ പൊട്ടി വീണ കറൻ്റ് കമ്പിയിൽ ചവിട്ടി ഷോക്കടിച്ചു. വീഴ്ച്ചയില്‍ "ചെറിയത്തപ്പാ" എന്ന് ഒരു വിളി വിളിച്ചു. എവിടെ നിന്നോ ഒരാൾ ഓടി വന്ന് ഉണങ്ങിയ മുള കൊണ്ട് അടിച്ച് കമ്പിയിൽ നിന്നും പിടി വിടുവിക്കുകയും ചെയ്തു.

ആപത്ഘട്ടത്തിൽ ചെറിയത്തപ്പൻ്റെ ഒരു ഭക്തന് പാതിരാത്രി പുഴ നീന്തികടക്കേണ്ടതായിവന്നു. അക്കരെയുള്ള പമ്പ് കടവ് ലക്ഷ്യമാക്കിയായിരുന്നു അയാൾ നീന്തിയിരുന്നത്. ആരോ പൊക്കമുള്ള ഒരാൾ അവിടെ നിൽക്കുന്നതായി തോന്നി. ആ നിൽക്കുന്ന ആളെ ലക്ഷ്യം വച്ചായിരുന്നു നീന്തിയിരുന്നത്. കടവിൽ ചെന്നു കയറിയതും അവിടെ നിന്നിരുന്ന ആൾ നടന്നു തുടങ്ങി. പിന്നാലെ നീന്തിയ ആളും നടന്നു. അക്കരെ ചെറിയത്തു ചെന്നപ്പോൾ അയാളെ കാണാതെയായി. എന്തായാലും ആപത്തു കൂടാതെ അക്കരെ ചെന്നു പറ്റി. നീന്തിയ ആളുടെ അപ്പോഴത്തെ മനോനില കൊണ്ട് തോന്നിയതാകാം എന്ന് വിശ്വസിക്കുന്നു. അതല്ല ചെറിയത്തപ്പൻ തന്നെയായിരുന്നോ അതും എന്നും അറിയില്ല.വലിവിൻ്റെ അസുഖമുളളവർ ചെറിയത്തമ്പലത്തിന്റെ കടവില്‍ മീനൂട്ട് നടത്തുകയും സുഖം പ്രാപിക്കുകയും പതിവാണ്. ഇത്തരത്തില്‍ നാട്ടുകാർക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ശ്രീ ചിന്മയാനന്ദ സ്വാമികളും , കാഞ്ചി കാമകോടി പീഠാധിപതി ജഗത് ഗുരു ശ്രീ. ജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമികളും ഇവിടം സന്ദർശിച്ച് അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടുണ്ട്. കൂടാതെ അനവധി രാഷ്‌ടീയ സാംസ്ക്കാരിക നായകന്മാരും ഇവിടം സന്ദർശിച്ചിട്ടുണ്ട്. ഗുരുവായൂരിലെയും ആറ്റുകാലിലെയും ശബരിമലയിലെയും മുൻ മേൽ ശാന്തിമാരും ഈ ഗുരുകുലത്തിൽ പഠിച്ച് ഗുരുസ്ഥാനീയരായി വളര്‍ന്നവരാണ്.

ചെറിയത്തമ്പലത്തോടുചേര്‍ന്ന തന്ത്രവിദ്യാപീഠത്തില്‍ ഏഴു വർഷം നീണ്ടു നിൽക്കുന്ന ഗുരുകുല സമ്പ്രദായ വിദ്യാഭ്യാസമാണ് പിന്‍ തുടരുന്നത്. പഠനം പൂർത്തീകരിക്കുന്നവര്‍ക്ക് തന്ത്രരത്നം ബഹുമതിയും ബിരുദവും നൽകുന്നു.

ഭാരതത്തിലെ ഏതു ക്ഷേത്രമെടുത്തു നോക്കിയാലും താന്ത്രികകാര്യങ്ങളിൽ ഒരാചാര്യനെങ്കിലും തന്ത്രവിദ്യാ പീഠത്തിലേതാണെന്നത് അഭിമാനകരമാണ്.

മേടമാസത്തിലെ ചോതി നാളിലാണ് ചെറിയത്തമ്പലത്തിലെ തൃക്കൊടിയേറ്റ് . പണ്ടു കാലത്ത് തൃക്കൊടിയേറ്റ് സമയത്ത് വരുന്ന ഭക്തജനങ്ങള്‍ക്കെല്ലാം പടച്ചോറ് നല്‍കുമായിരുന്നു.

ഭഗവാൻ്റെ നിത്യ നിവേദ്യങ്ങളിൽ പാനകം, ചെറുപയർ, പാൽപ്പായസം എന്നിവയാണ് ഉള്ളത്. കദളി സമർപ്പണം, ചെറുപയർ പറ, മീനൂട്ട്, ഉടയാട സമർപ്പണം, നിറമാല ചാർത്തൽ, ഉത്സവബലി, തുടങ്ങിയവയാണ് പ്രധാന വഴിപാട്. പള്ളിത്തോണി അക്കരെ ചെറിയ ത്തെഴുന്നള്ളിച്ച് തിരിച്ചു വരുന്ന ചടങ്ങും ഉണ്ട്. തിരുവോണ നാളിലെ ആറാട്ടോടെ തിരുവുത്സവം സമാപിക്കുന്നു.

വടക്കുമാറി ശക്തിസ്വരൂപിണിയായ ആറ്റിപ്പുഴകാവ് ഭഗവതിയുടെ ക്ഷേത്രവുമുണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന നദിയിലേക്ക് വടക്ക് ദർശനമായിരിക്കുന്ന ഈ ക്ഷേത്രത്തിലെ ഭഗവതി വിളിച്ചാൽ വിളിപ്പുറത്തെന്നാണ് അനുഭവം. ഈ ഗ്രാമത്തിലെ ജ്വലിക്കുന്ന നിലവിളക്കിലെ സ്വർണ്ണ പ്രഭ വിടരുന്ന തിരിനാളം പോലെ പ്രകാശമരുളി നാടിനുകാവലായി ചെറിയത്തമ്പലം നിലകൊള്ളുന്നു.

phone